മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമാകാതിരുന്ന താരം വിവാഹ മോചന ശേഷം തിരിച്ചു വന്നിരിക്കുകയാണ്.
ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓട്ടോറിക്ഷകാരന്റെ ഭാര്യ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു

കൊണ്ടിരിക്കുന്നത്.എം മുകുന്ദന് എഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.
സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലസനായ സജീവന്‍ എന്ന ഓട്ടോക്കാരനായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ പുതിയ ചുവട് വയ്പ് നടത്തിയിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് താരം.

ആദ്യ ചിത്രം ഒരുങ്ങുന്നത് കന്നടയിലാണ്. നവാഗതനായ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തെത്തിയ അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ കന്നഡ റീമേക്ക് ആണ് ആന്‍ അഗസ്റ്റിന്റെ ആദ്യ സംവിധാന സംരംഭം. അബ്ബബ്ബാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് ഇറങ്ങി. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ സന്തോഷം ആന്‍ അഗസ്റ്റിന്‍ അറിയിച്ചത്. താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന

ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്ന ആന്‍ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. അടി കപ്യാരേ കൂട്ടമണിയുടെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൌസ് ആയിരുന്നു.