സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃത സുരേഷുമൊന്നിച്ചുള്ള ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപീസുന്ദര്‍ അമൃതയുമായി അടുത്തത്. ഗോപി സുന്ദറും അമൃതയും തങ്ങളുടെ ഫോട്ടോകളും പുതിയ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് അമൃത സുരേഷ്.


സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളെപ്പറ്റിയാണ് താരം തുറന്ന് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുവരെ പുറത്ത് പറയാത്ത പലകാര്യങ്ങളെക്കുറിച്ചും തന്റെ പേരിലുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും അമൃത സംസാരിച്ചത്. ഇതുവരെ തന്നെക്കുറിച്ച് വന്ന 99 ശതമാനം വാര്‍ത്തകളും വ്യാജമാണെന്നാണ് അമൃത പറയുന്നത്.
‘എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ്

എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്’. എന്നാണ് അമൃത പറഞ്ഞത്.
ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണെന്നും അവിടുന്നും ഇവിടുന്നുമായി താന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് തന്നെപ്പറ്റി പുറത്തു വരുന്ന പ്രധാന വ്യാജ വാര്‍ത്തകളെന്നും കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി തനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാമെന്നും സത്യാവസ്ഥ തന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മകള്‍ക്കും അറിയാമെന്നുമാണ് അമൃത പറഞ്ഞത്. താന്‍ സീറോയില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തതെന്നും അതൊന്നും നാട്ടുകാര്‍ക്ക് അറിയുന്ന കാര്യമല്ലല്ലോ എന്നും താരം ചോദിക്കുന്നു.
‘ആളുകള്‍ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാന്‍ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അവരുടെ ഫ്രസ്ട്രേഷന്‍ കുറയുകയാണെങ്കില്‍ കുറയട്ടെ. അങ്ങനെയേ വിചാരിക്കുന്നുള്ളു’ -അമൃത വ്യക്തമാക്കി.