പ്രമുഖ നടന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് കൊണ്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരസുന്ദരിയാണ് സംവൃത സുനില്‍. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങള്‍ എത്തുകയായിരുന്നു.ഒരേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്‍മാര്‍ക്കും അതേ പോലെ യുവതാരങ്ങള്‍ക്കും ഒപ്പം സംവൃതയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. നിരവധി

സൂപ്പര്‍ഹിറ്റ് സിനിമകളിലൂയെ മലയാളികളുടെ പ്രിയ നടിയായി മാറിയ സംവൃത സുനില്‍ 2012ലാണ് വിവാഹിതയാകുന്നത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു.സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയായിരുന്നു താരം എടുത്തത്.അതേ സമയം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന

ചിത്രത്തിലൂടെ 2019ല്‍ സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെ ത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയസൂര്യ സംവൃതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജയസൂര്യ സംവൃതയെക്കുറിച്ച് പറഞ്ഞത്. നടിമാരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് സംവൃതയോടാണെന്നും തന്റെ ജീവിതത്തില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരേയൊരു നടി സംവൃതയാണെന്നും ജയസൂര്യ പറയുന്നു.നമ്മുടെയൊക്കെ വീട്ടിലെ കുട്ടി എന്ന് തന്നെ സംവൃതയെ പറയാം. തനിക്കൊരു സഹോദരനുണ്ടായിരുന്നുവെങ്കില്‍ അവനെക്കൊണ്ട് സംവൃതയെ കെട്ടിച്ചേനെയെന്നും ജീവിതത്തില്‍ ഒട്ടും അഭിനയിക്കാന്‍ അറിയാത്ത ആളാണ് സംവൃതയെന്നും ജയസൂര്യ പറയുന്നു.സംവൃത സിനിമ തലയ്ക്ക് പിടിക്കാത്ത ഒരു കുട്ടിയാണ്. സിനിമയില്‍ വന്ന അന്ന് മുതല്‍ ഇന്നുവരെ സംവൃതയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും നല്ലൊരു സൗഹൃദമാണ് സംവൃതയുമായി തനിക്കുള്ളതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.