മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലിൻസോയ. യാത്രകളോട് അടങ്ങാത്ത പ്രണയമുള്ളയാളാണ് നടി ശാലിൻ സോയ. സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേരുണ്ടെന്നും ശാലിൻ തുറന്നു പറയുകയാണ്. എങ്കിലും ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്തു ജീവിതം. യാത്രകൾ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇനിയും

കുറെയേറെ യാത്രകൾ ചെയ്യണമെന്നുമാണ് ശാലിൻ സോയ പറയുന്നത്.
എല്ലാവരും വിഡിയോകളിലൂടെയും റീൽസിലൂടെയും യാത്ര ആരംഭിക്കുന്നതു മുതൽ തിരിച്ചു വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇടതടവില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ്. സമൂഹമാധ്യമത്തിൽ സജീവമാണെങ്കിലും ശാലിൻ യാത്രയുടെ ഒരുപാട് ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല. നമ്മുടെ കണ്ണുകൾ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും ഒരു ക്യാമറയിലൂടെ പകർത്തിയെടുക്കാനാവില്ല. നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനോടാണ് എനിക്ക് ഇഷ്ടം. പോകുന്ന സ്ഥലം എത്ര

മനോഹരമാണെന്ന് തിരിച്ചറിയണമെങ്കിൽ അത് സ്വയം കണ്ടു തന്നെ അനുഭവിക്കണം.
ആ സമയം കയ്യിൽ ക്യാമറയും മൊബൈലും പിടിച്ച് നടന്നാൽ പലതും കാണാതെയും അറിയാതെയും പോകും. എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ഒരു കാര്യമാണത്. എന്റെ സുഹൃത്തുക്കൾ പലരും പറയാറുണ്ട് ഒത്തിരി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോൾ തെളിവു ഉണ്ടാകില്ല നിന്റെ കയ്യിൽ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ, അവർ പറയുന്നത് സത്യമാണെന്ന് ചിലപ്പോൾ എനിക്കും തോന്നാറുണ്ട്. പക്ഷേ അതിൽ സങ്കടമൊന്നുമില്ല. നമ്മൾ ജീവിതത്തിൽ നടത്തുന്ന യാത്രകളാണ് ഏറ്റവും വലിയ സമ്പാദ്യം. ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടിട്ടുള്ളതുമായ കാര്യങ്ങൾ എന്നും എന്റെ മനസ്സിൽ ഒരു കോട്ടവും തട്ടാതെയുണ്ട്. ക്യാമറയിൽ എത്ര പകർത്തിയാലും ആ യാത്രാനുഭവം കിട്ടണമെന്നില്ല.