മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു. എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ താരപുത്രിയുടെ പുസ്തകം പുറത്തിറങ്ങിയിരുന്നു. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ തായ്‌ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നത്. അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി. ഞാൻ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയിൽ, നാം യാങ്ങിൽ, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി– വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു. തായ്‍ലൻഡിൽ താമസിച്ചിരുന്ന സമയത്ത് വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെ 22 കിലോ ശരീരഭാരം കുറച്ചിരുന്നു. ആദ്യമായി മ്യു തായ് വിസ്മയ പരീക്ഷിച്ചതും ഇതിനിടയിലായിരുന്നു.