ചന്ദ്രഗിരിപ്പുഴയുടെ സംരക്ഷകനായ ചന്ദ്രഗിരിക്കോട്ട കാണാം…

കഠിനമായ ചെങ്കൽ പാളികളാൾ  നിർമ്മിതമായ ഭിത്തികൾ, ദീർഘ കാല പഴക്കമുള്ളതിൻറെ എല്ലാ സൂചനകളും നൽകിക്കൊണ്ട് നിൽക്കുന്നു.. പഴമക്ക് എല്ലാം വേറിട്ടൊരു സൗന്ദര്യം കൽപ്പിക്കുന്ന മനുഷ്യൻറെ യഥാസ്ഥിതിക മനസ്ഥിതി; തീർച്ചയായും ചന്ദ്രഗിരി കോട്ടയേയും ഇരുകൈയും നീട്ടി സ്വീകരിക്കും.. സ്വീകരിക്കും എന്നല്ല; സ്വീകരിച്ചുകഴിഞ്ഞു.. പതിനേഴാം നൂറ്റാണ്ടിൽ ചന്ദ്രഗിരി പുഴയുടെ തീരങ്ങളിൽ പണികഴിപ്പിച്ചതാണ് ഈ

കോട്ട.. ചന്ദ്രഗിരി പുഴയെ പയസ്വിനി എന്നും അറിയപ്പെടുന്നു, പയസ്വിനിയുടെ സംരക്ഷകർ എന്നാണ് ചന്ദ്രഗിരിക്കോട്ടയെ വിശേഷിപ്പിക്കുന്നത്.. അർദ്ധ വൃത്താകൃതിയിലുള്ള മുകൾ ഭാഗത്ത് നിന്നാൽ സൂര്യാസ്തമയം ഭംഗിയായി കാണാം.. കൂടാതെ ചെറുതോണികളുമായി മത്സ്യബന്ധനത്തിന് ആളുകൾ പോകുന്നത് കാണുന്നതും ആനന്ദം നൽകുന്ന കാഴ്ചയാണ്.. ഇത്  ഒന്നും പോരാത്തതിന് സുന്ദരിയായ ചന്ദ്രഗിരിപുഴ അറബിക്കടലിൽ

ചേരുന്നതും കാണാം.. പുതിയ ജീവിതത്തിലേക്ക് ചന്ദ്രഗിരി ഒഴുകി മാറുന്നതും  ചന്ദ്രഗിരിക്കോട്ടയുടെ മുകളിൽ നിന്നാൽ കാണാവുന്ന കാഴ്ചയാണ്.. ഇരുകരകളിലും തിങ്ങി നിറഞ്ഞ് നിൽക്കുന്ന കേരവൃക്ഷങ്ങളോട്, ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന്  യാത്ര പറഞ്ഞു; തിരിഞ്ഞു നോക്കാതെ ഒഴുകിപ്പോകുന്ന  ജലകണികകൾക്ക് ഒരുപക്ഷേ ഇതൊരു തീരാദുഃഖം ആകാം.. കണ്ണെത്താ ദൂരത്ത് കരകൾ ഒന്നുമില്ലാത്ത കടൽ ഇവർക്ക് ഒരു പുതിയ അനുഭവം ആണല്ലോ..  ജീവിതത്തിൽ എണ്ണമറ്റ കർമ്മങ്ങൾ ചെയ്തുതീർക്കാൻ പോകുന്നല്ലോ എന്ന ചാരിതാർത്ഥ്യവും ഇവർക്ക് ഉണ്ടാകാം..

കാഞ്ഞങ്ങാട്- കാസർഗോഡ് തീരദേശ പാതയിലൂടെ പോകുമ്പോൾ അഞ്ച് കിലോമീറ്റർ അകലെ മേൽപ്പറമ്പ് എന്ന പ്രദേശത്താണ് ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്..ചെറിയൊരു കുന്ന് കയറി ചെന്നാൽ കോട്ടയിൽ എത്താം.. കുന്നു കയറാൻ ചെങ്കൽ പാകിയ നടകല്ലുകൾ ഉണ്ട്.. ഏഴ് ഏക്കർ പരന്ന്  കിടക്കുന്നതാണ് ചന്ദ്രഗിരിക്കോട്ട എന്ന് പറയപ്പെടുന്നു..

പതിനേഴ് നൂറ്റാണ്ടുകൾക്ക് മുൻപ് കേളടി നായകാ രാജവംശത്തിലെ ശിവപ്പ നായ്ക്കും പിന്നീട് ഹൈദരാലിയുടെയും ബ്രിട്ടീഷുകാരുടെയും എല്ലാം കൈകളിൽ മാറിമറിഞ്ഞ ശേഷമാണ് പുരാവസ്തു വകുപ്പിൻറെ കീഴിൽ ഒരു സംരക്ഷിത സ്മാരകമായി ഇത് ഉള്ളത്.. കാസർഗോഡ് ആധുനിക കാഴ്ചകൾ തേടി പോകുമ്പോൾ  ഈ പ്രദേശവും ഒന്ന് കണ്ടു പോകു..