കേരള സ്റ്റൈൽ കടലക്കറി തയ്യാറാക്കാം..

 

കടലക്കറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരക്കിലോ കറുത്ത കടല, അരക്കപ്പ് ചുവന്നുള്ളി, എരുവിന് ആവശ്യത്തിനു പച്ചമുളക്, മൂന്നു സവാള, 2 തക്കാളി, കുറച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പും അൽപം എണ്ണയും രണ്ടു തണ്ട് കറിവേപ്പില, മല്ലിയില, എന്നിവയെല്ലാം എടുക്കാം..

കടല കഴുകി വൃത്തിയാക്കിയ ശേഷം കറി ഉണ്ടാക്കുന്നതിന് തലേന്ന് വൈകുന്നേരം വെള്ളത്തിൽ കുതിരാൻ ആയി ഇടണം..

നന്നായി കുതിർന്ന് വന്ന കടല കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെക്കാം.. ഇതിനൊപ്പം മൂന്ന് പച്ചമുളകും അരക്കപ്പ് ചുവന്നുള്ളിയും ഉപ്പും ചേർത്ത് വേവിക്കാം.. ഇനി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് ആവശ്യമുള്ള എണ്ണയൊഴിച്ച ശേഷം കടുകു പൊട്ടിക്കുക.. ശേഷം അൽപം കറിവേപ്പിലയും ചേർത്ത് മൂത്തുവരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം.. ഇതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് സവാള വഴറ്റാം.. പകുതി വഴന്നുവന്ന

സവാളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.. രണ്ട് ടീസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കാം.. പൊടികൾ എല്ലാം നന്നായി മൂത്ത് വന്നതിനുശേഷം അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ചേർക്കണം, തക്കാളിയെ മസാലയുമായി നന്നായി മിക്സ് ആക്കാം.. ശേഷം വേവിച്ചുവെച്ച കടല ചുവന്നുള്ളി പച്ചമുളക് എന്നിവ ഈ കൂട്ടിലേക്ക് മാറ്റാം.. ഇതിനെല്ലാം ഉപ്പ് പാകമാണോ എന്ന്

നോക്കിയ ശേഷം; ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം.. ഇനി മൂടിവെച്ച് തിളപ്പിച്ച് വേവിക്കാം. നന്നായി തിളച്ച് വന്ന ശേഷം തീ കുറച്ച് വച്ച് വേണം വേവിക്കാൻ.. കടല കറിക്ക് ഇനിയും ചാറ് ആവശ്യമെങ്കിൽ മൂടി വെച്ച് അടയ്ക്കുന്നതിനു മുന്നേ അല്പം കൂടി വെള്ളം ചേർക്കാവുന്നതാണ്.. അല്ലാത്തപക്ഷം ആവശ്യത്തിന് ചാറ് കുറുകി വരുമ്പോൾ മല്ലിയില വിതറി വാങ്ങാം..ഇനി ആവി പറക്കുന്ന കേരള സ്റ്റൈൽ കടല കറി ഉണ്ടാക്കി നോക്കൂ..