കിഴുന്ന ഏഴര ഇരട്ട ബീച്ചുകളിൽ അസ്തമയം കാണാം..

കണ്ണൂരിലെ അധികമൊന്നും പ്രശസ്തമല്ലാത്ത ഇരട്ട ബീച്ച് എന്നറിയപ്പെടുന്ന ബീച്ച് ആണ് കിഴുന്ന ഏഴര ബീച്ച്… അടുത്തടുത്ത് കിടന്നിരുന്ന കീഴുന്ന ബീച്ചും ഏഴര ബീച്ചും ഒന്നായി വലിയൊരു അൽഭുതം ആയി മാറുകയായിരുന്നു.. സഞ്ചാരികൾക്ക് മുന്നിൽ ഇനിയും തുറക്കാത്ത അധ്യായം എന്നാണ് ഇവിടത്തുകാർ ഈ പ്രദേശത്തെക്കുറിച്ച് പറയാറ്..


കിഴുന്നയും ഏഴരയും വളരെ അടുത്തടുത്താണ് കിടക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവർ പരസ്പരപൂരകങ്ങളാണ്.. ഏഴര ഇല്ലെങ്കിൽ കിഴുന്നയും ഇല്ല… വൈകുന്നേരം അഞ്ചു മണിയോടെയാണ് കിഴുന്ന യിൽ എത്തിയത്… കണ്ണൂർ ടൗണിൽ നിന്നും 12 കിലോമീറ്റർ മാത്രമാണ് കിഴുന്ന യിലേക്ക് ഉള്ളത്.. കിഴുന്ന ജുമാമസ്ജിദ് റോഡിൽ കയറി…ഇവിടെ നിന്ന് 750 മീറ്റർ മാറിയാണ് ഈ മനോഹര കടൽത്തീരം… വന്ന സമയം മുതൽ ഇവിടെ ധാരാളം ആളുകൾ പലതരം വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു.. ഫോട്ടോഗ്രാഫി ചെയ്യനും, സൂര്യാസ്തമയം കാണാനും, നീന്താനും മറ്റു കളികളിൽ ഏർപ്പെടാനും ആണ് ആളുകൾ ഇവിടെ എത്താറ്…

ഒരു വശത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുമ്പോൾ മറ്റൊരു വശത്ത് ആളുകൾ കാൽപന്ത് കളിച്ചിരുന്നു… ഇന്ന് നല്ല തെളിച്ചമുള്ള ദിവസമായിരുന്നു, സൂര്യൻ പടിഞ്ഞാറേ കോണിൽ (35° മുകളിൽ) അസ്തമിക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്…
പഞ്ചസാര തരികൾ പോലെയുള്ള മണൽ തരികളിൽ ഇരുന്ന് ഞങ്ങൾ കാഴ്ചകൾ കണ്ടു…ഇപ്പോൾ ഇവിടുത്തെ കടൽ വളരെ ശാന്തമാണ്… എന്നാൽ വല്ലപ്പോഴുമൊക്കെ പ്രക്ഷുബ്ദം ആവുകയും ചെയ്യും. ..കടലിന് ആഴം കുറവായതിനാൽ ഇവിടെ ഇറങ്ങി നീന്താനും മറ്റ് പഠന ആവശ്യങ്ങൾക്കും വളരെ ഉപയോഗപ്രദമാണ്…

പിന്നെ കടൽ കാഴ്ചകൾ കണ്ടു ഉറങ്ങണം എങ്കിൽ ഇവിടെ റിസോർട്ട് സൗകര്യവുമുണ്ട്… എന്നാൽ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ..
സന്ധ്യയായി തുടങ്ങി കാറ്റിന് ശക്തി കുറഞ്ഞു വന്നു.. അവിടെ ഇവിടങ്ങൾ കാണുന്ന പാറക്കൂട്ടങ്ങളിൽ നേരത്തെ വന്നവർ സ്ഥാനം പിടിച്ച കഴിഞ്ഞിരുന്നു.. തൽക്കാലം ഇവിടെ തന്നെ ഇരുന്ന് അസ്തമയം കാണാമെന്ന് വിചാരിച്ചു… സൂര്യഭഗവാൻ തൻറെ പകൽ സമയത്തെ അധ്വാന ക്ഷീണം മാറ്റാനും കൂടുതൽ ഊർജസ്വലനായി മറ്റൊരു ദിനത്തെ നമുക്ക് സമ്മാനിക്കാനും ഇന്നത്തെ ഡ്യൂട്ടി ചന്ദ്രനെ ഏൽപ്പിച്ച് മടങ്ങുകയാണ്….

തെളിഞ്ഞ ആകാശം പതിയെ മങ്ങിത്തുടങ്ങി സൂര്യൻ തവിട്ടും ചുവപ്പും കലർന്ന മേഘങ്ങൾക്കിടയിൽ ഒളിഞ്ഞു കളിച്ചു…. മേഘം മാറി കഴിഞ്ഞ് നോക്കുമ്പോൾ മിനി പകുതി ഭാഗം മാത്രമേ അവശേഷിക്കുന്നുണ്ടയിരുന്നുള്ളൂ… ഉടനെ തന്നെ ഇതും കാണാതാകും എന്ന് അറിയാമെങ്കിലും ആദ്യമായി അസ്തമയം കാണുന്ന ഒരാളുടെ മനോഭാവത്തോടെ ഞാൻ ശ്രദ്ധയോടെ നോക്കി ഇരുന്നു…

സൂര്യൻ മുഴുവനായി അസ്തമിച്ച്തിനുശേഷവും ബീച്ചിൽ നല്ല പ്രകാശം ഉണ്ടായിരുന്നു… ആളുകൾ അവരുടെ വിനോദങ്ങളിൽ നിന്നും പിന്മാറിയിട്ടില്ല…. കുറച്ചുനേരം കൂടി ശാന്തമായ കടലിനെ നോക്കിയിരുന്നതിനു ശേഷം തിരിച്ച് പോകാം…..

MENU

Comments are closed.