പാവങ്ങളുടെ ഊട്ടി അഥവാ നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര..

വളരെ വൈകിയാണ് ഇന്നത്തെ യാത്രയെക്കുറിച്ച് തീരുമാനിച്ചതും ഇറങ്ങിപ്പുറപ്പെട്ടതും… യാത്ര നെല്ലിയാമ്പതിക്ക് ആകാം എന്ന് തീരുമാനിച്ചു… പിന്നെ ഒന്നും നോക്കിയില്ല വണ്ടിയെടുത്തു യാത്ര തുടങ്ങി- പാലക്കാട് ജില്ലയിലെ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക്…ലിഖിത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അതീതമാണ് നെല്ലിയാമ്പതി…


സമുദ്രനിരപ്പിൽ നിന്നും 467 മുതൽ 1572 അടി മുകളിലാണ് നെല്ലിയാമ്പതി.. ഉച്ചസമയത്ത് വരെ ഇവിടെ 22 ഡിഗ്രി സെൽഷ്യസ് മാത്രം ആണ് ചൂട് രേഖപ്പെടുത്തുന്നത്…..
പോകുന്നത് നെല്ലിയാമ്പതിക്ക് ആണെങ്കിലും ഇവിടെ എന്തൊക്കെ കാണണം എന്ന് തീരുമാനിക്കാതെ ആണ് ഇറങ്ങിയത്…പറഞ്ഞല്ലോ പെട്ടന്ന് ഉള്ള യാത്ര ആണ്.. ആദ്യത്തെ ചെക്ക്പോസ്റ്റ് കഴിഞ്ഞു ഇവിടെ വണ്ടി നമ്പറും മറ്റ് ഡീറ്റെയിൽസും രേഖപ്പെടുത്തണം… ഇവിടുന്ന് കിട്ടിയ നിർദ്ദേശം -വൈകിട്ട് 3 മണിക്ക് മുമ്പ് ചെക്ക് പോസ്റ്റിനു വെളിയിൽ എത്തണം- എന്നതാണ്… പിന്നെ ഒന്നും നോക്കിയില്ല സമയം കളയേണ്ടല്ലോ..


പറഞ്ഞു കേട്ടതിനേക്കാൾ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ നമ്മെ കാത്തിരുന്നത്… അതിമനോഹരമായ തേയിലത്തോട്ടങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും പച്ചപ്പരവതാനി വിരിച്ചു നിൽക്കുന്നു… ഒരേ ലെവലിൽ നിൽക്കുന്ന ഈ തേയിലത്തോട്ടങ്ങൾ – സ്കൂൾ യാത്രകളിൽ പരിചയപ്പെട്ട ഊട്ടിയും വയനാടും ഒക്കെ ഓർമ്മിപ്പിക്കുന്നതാണ്.. വഴിയിൽ ധാരാളം കുരങ്ങുകളെ കണ്ടു അവ എന്തിനും തയ്യാറെന്ന പോലെ ഇരിക്കുന്നുണ്ടായിരുന്നു…

ഭക്ഷണപ്പൊതി ഒന്നും കയ്യിൽ ഇല്ലാത്തതിനാൽ അവർക്ക് ഒന്നും കിട്ടിയില്ല…
നെല്ലിയാമ്പതി ഹിൽ വ്യൂ പോയിന്റ് ലേക്കുള്ള വഴി തിരിഞ്ഞു… ഈ വഴിയും വളരെ മനോഹരമാണ്.. ഭംഗി വർധിപ്പിക്കാൻ റോഡിന്റെ ഇരുവശങ്ങളിലുമായി അലങ്കാര ഇലച്ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു…. അങ്ങനെ മുകളിലെത്തി , വണ്ടി പാർക്ക് ചെയ്തു ഇനി അല്പം നടക്കാനുണ്ട്..ഇവിടെ ഒരു ടീ ഷോപ്പ് ഉണ്ട്.. ഇവിടെ തന്നെ ഉണ്ടാക്കുന്ന ചായപ്പൊടി വിറ്റഴിക്കാനുള്ള ഒരു ഔട്ലെറ്റും കാണാമായിരുന്നു… ഒരു അവധി ദിവസം ആയതിനാൽ കൂടുതൽ ആളുകൾ വന്നിരിക്കുന്നു…

വളരെ കാലപ്പഴക്കംചെന്ന ഒരു എസ്റ്റേറ്റ് ആണ് ഇവിടെ… ധാരാളംസിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട് ഇവിടം.. തേയില തോട്ടങ്ങൾ മാത്രമാണെങ്കിൽ നമുക്ക് എല്ലായിടത്തും കാണാവുന്നതാണ്.. എന്നാൽ ഇവിടെ ധാരാളം വർഷങ്ങൾക്കു മുൻപുള്ള മരങ്ങൾ ചെടികൾ അതിയായവ ഉണ്ടായിരുന്നു.. വർഷങ്ങൾ പഴക്കമുള്ള യൂക്കാലി മരങ്ങളിൽ ഊഞ്ഞാലാടുന്ന കുരങ്ങുകളെ കണ്ടു.. കുറച്ചുകൂടി മുന്നോട്ടു പോയി.. വ്യൂ പോയിന്റിൽ എത്തി… മനോഹരം അതിമനോഹരം.. മലകളും താഴ്വാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ കാഴ്ച ഒരു സ്വപ്നം പോലെ എന്നും മനസ്സിൽ ഉണ്ടാകും..

നെല്ലിയാമ്പതിക്ക് മാറ്റ് കൂട്ടാൻ നെല്ലിമരം- മറ്റൊരു വസന്തത്തെ വരവേൽക്കുവാൻ എന്ന വിധം ഉണ്ടായിരുന്നു..ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണേണ്ട സ്ഥലം ആണ് പാവങ്ങളുടെ ഊട്ടി..

MENU

Comments are closed.