ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം കണ്ട് നടത്തുന്നതാണ്;എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ്
ഏറെ നാളുകളായി നീണ്ടിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ലഭിച്ച ക്ഷണം നിരസിച്ച് കൊണ്ട് കോൺഗ്രസ് നേതൃത്വം. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം എല്ലാ ബഹുമാനത്തോടെയും കൂടി നിരസിക്കുന്നതായി കോൺഗ്രസ് പാർട്ടി ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ചേർന്ന് ഇനിയും നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം കണ്ട് നടത്തുന്നതാണ് എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സുപ്രീം കോടതി 2019 ൽ പുറത്തിറക്കിയ വിധിയെ മാനിക്കുകയും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ ബഹുമാനിച്ചുകൊണ്ടും, ആർഎസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നതായി പ്രസ്താവനയിൽ ശ്രീ മല്ലികാർജുൻ ഖാർഗെ, ശ്രീമതി. സോണിയ ഗാന്ധി ശ്രീ അധീർ രഞ്ജൻ ചൗധരി എന്നിവർ വ്യക്തമാക്കി.
രാജ്യം ബഹുമാനിക്കുന്ന നിരവധി പ്രമുഖ കായികതാരങ്ങളെയും സെലിബ്രിറ്റികളെയും രാഷ്ട്രീയ നേതാക്കളെയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ആർഎസ്എസ്/ബിജെപി ക്ഷണിച്ചിരുന്നു. കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർക്കാണ് നിലവിൽ ക്ഷണം ലഭിച്ചിരുന്നത്. സിപിഐഎം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആദ്യം തന്നെ നിലപാടെടുത്തിരുന്നു. ലാലു പ്രസാദ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എന്നിവരും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച മറ്റ് പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഉൾപ്പെടുന്നു.