കരുത്തനായ വില്ലനായി പൃഥ്വിരാജ്, എതിരിടാൻ അക്ഷയ് കുമാറും ടൈഗറും; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ടീസർ
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടീസർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിക്കുകയാണ്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ടീസർ അവതരിപ്പിക്കുന്നത്.
അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കൂടുതൽ കാര്യങ്ങൾ ഉടൻതന്നെ വരാനിരിക്കുന്നുവെന്ന് നിർമ്മാതക്കൾ അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയറ്ററുകളിലെത്തും.
ടീസറിനെക്കുറിച്ച് സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെക്കുന്നു, “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ അണിയറപ്രവർത്തകർക്കൊപ്പം ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിക്കാനുള്ള കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പിന്നിൽ. അക്ഷയ് സാറും, ടൈഗറും വെല്ലുവിളി നിറഞ്ഞ സീക്വൻസുകൾ വളരെ അനായാസമായി ചെയ്യുകയും, എന്നാൽ പ്രേക്ഷകരിലേക്ക് സിനിമ വേരൂന്നുകയും ചെയ്യുന്ന തരത്തിലാണ് തയ്യാറെടുക്കുന്നത്. 2024 ഏപ്രിലിലെ ഈദ് ദിനത്തിൽ ഈ സിനിമ ആരാധകർക്കും പ്രേക്ഷകർക്കും വേണ്ടി വലിയ സ്‌ക്രീനുകളിൽ എത്തിക്കുന്നതിൽ കൂടുതൽ ത്രില്ലടിക്കുന്നു”
ഇതിനോട് അനുബന്ധിച്ച് നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറയുന്നു, ” അക്ഷയ് സാറിന്റെയും ടൈഗർ ഷ്റോഫിന്റെയും ഐതിഹാസിക വേഷങ്ങളുടെയും മികച്ച ചിത്രീകരണത്തോടെ ടീസർ ചിത്രത്തിൻ്റേതായ കഥ പറയുന്നു. കൂടാതെ, പൃഥ്വിരാജ് അതിശയിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ചേർക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ആക്ഷൻ ഹീറോകൾ ഇതിൽ ഉള്ളതിൽ ഞാൻ ത്രില്ലിലാണ്; അലിയുടെ സിനിമയിലെ മാന്ത്രികത ഒരിക്കൽ കൂടി പ്രകടമാണ്. ഞങ്ങളുടെ മുഴുവൻ ടീമിന്റെയും സമർപ്പണം പ്രേക്ഷകർക്ക് അനുഭവപ്പെടുമെന്നും ഈ പ്രോജക്റ്റിനായി ഞങ്ങൾ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്