ആടുജീവിതം പോസ്റ്റർ കണ്ട ആരാധികയുടെ കുറിപ്പ്
കണ്ണുകളിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്.. എല്ലാ വികാരങ്ങളും വിക്ഷോഭങ്ങളും ഉറങ്ങി കിടക്കുന്ന ഒരിടം.. അതിന്റെ ആഴവും പരപ്പും നോക്കി നിൽക്കെ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങും.. അങ്ങനെ രണ്ട് കണ്ണുകളാണ് ഇന്നലെ എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറിയത്.. ആ നോട്ടം വല്ലാതെ വരിഞ്ഞു മുറുക്കുന്നതായിരുന്നു.. ക്യാമ്പസ് മരത്തണലിൽ വെച്ച് കൂട്ടുകാരൻ വെച്ച് നീട്ടിയ പുസ്തകത്തിന്റെ പേരിലേക്ക് ഒന്നും മനസിലാകാതെ നോക്കുമ്പോൾ, ഞാൻ അറിഞ്ഞിരുന്നില്ല, വരും ദിവസങ്ങളിൽ അതെന്റെ ഉറക്കം കെടുത്തുന്ന നാളുകളിലേക്കുള്ളതായിരുന്നുവെന്ന്..
‘ആടുജീവിതം’ പുസ്തകം വായിച്ച് കഴിഞ്ഞും ദിവസങ്ങളോളം മനസ്സിനെ വേട്ടയാടി കൊണ്ടിരുന്ന ഒരു രൂപം ഉണ്ടായിരുന്നു.. എന്റെ വായന സങ്കൽപ്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു നജീബിന്റെ രൂപം.. ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന എല്ലാ വികാരങ്ങളെയും വേദനകളെയും അതിജീവിക്കുന്ന നജീബിന്റെ കണ്ണുകളിൽ പ്രത്യാശയുടെ ഒരു തുടിപ്പ് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.. മരിച്ചു വീഴുമെന്നോ തിരിച്ചെത്തുമെന്നോ അറിയാതെ, മുന്നിൽ പ്രതീക്ഷയുടെ നേരിയ തണൽ പോലുമില്ലാതെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിൽ നജീബ് തനിച്ച് പൊരുതി നിൽകുമ്പോൾ അയാളുടെ കണ്ണുകളിലെ കനൽ, വരികളിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു..!
വർഷങ്ങൾക്കിപ്പുറം അതേ കണ്ണുകൾ ഞാൻ ഇന്നലെ വീണ്ടും കണ്ടു.. ബെന്യാമിന്റെ ‘ആട് ജീവിതം’ പുസ്തകത്തിലെ നജീബിനെ വീണ്ടും കണ്ടു..! സങ്കൽപ്പത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് എത്തുന്ന നജീബ്..! സത്യം എന്തെന്നാൽ, ബ്ലെസ്സിയുടെ ‘ആട് ജീവിതം’ പോസ്റ്ററുകളിൽ എങ്ങും പൃഥ്വിരാജ് എന്ന നടനെ ഞാൻ കാണുന്നില്ല.., നജീബ്.. നജീബ് മാത്രം..! ഇത് തന്നെയാണ് ഈ സിനിമക്ക്മേൽ എനിക്കുള്ള പ്രതീക്ഷയും..
പുസ്തകം തന്ന വേദന തന്നെ ഇനിയും എവിടെയോ ബാക്കി നില്പുണ്ട്.. സ്ക്രീനിലെ നജീബ് ഒരു തീരാ വേദനയായി മാറുമോ.. ഹോ.. ചിന്തിക്കാൻ കൂടി ആകുന്നില്ല.. പൃഥ്വിരാജ് നിങ്ങൾ എന്റെ നജീബിനെ കവർന്നെടുത്ത പോലെ..!