കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ് : മോദി സ്തുതിയാണ് കാരണം എന്ന് സൂചന
മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോൺഗ്രസ് നോട്ടീസ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്നാണ് കാരണം കാണിക്കൽ നോട്ടീസ്. കാർത്തി ചിദംബരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയാണ്. അതേസമയം, കാർത്തി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അംഗമായതിനാൽ ടിഎൻസിസിക്ക് അദ്ദേഹത്തിന് നോട്ടീസ് നൽകാൻ കഴിയില്ലെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഒരു പക്ഷേ രാഹുൽ ഗാന്ധിക്ക് പോലും അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും നരേന്ദ്ര മോദിക്ക് പകരം വെക്കാൻ ഒരു നേതാവില്ലെന്നും ആയിരുന്നു കാർത്തിയുടെ പരാമർശം. കാർത്തിയുടെ പ്രതികരണം തമിഴ് ചാനലായ തന്തി ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു.
കാർത്തിയുടെ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് നേരെയുള്ള പരോക്ഷ വിമർശനമാണെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത് മോദിയുടെ കഴിവുകളെ പ്രശംസിച്ചതാണ്. കാർത്തി വിഷയത്തിൽ തമിഴ് നാട് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലരും പരസ്യ വിമർശനവുമായി രംഗത്തെത്തിയപ്പോൾ ടിഎൻസിസി അധ്യക്ഷൻ കെഎസ് അഴഗിരി പ്രതികരിക്കാൻ തയ്യാറായില്ല.
“ഇത്തരം പരാമർശംങ്ങൾ ഒരിക്കലും ഒരു നല്ല പ്രവണതയല്ല. പ്രത്യേകിച്ചും, രാഹുൽ ഗാന്ധിയുടെ കഴിവിനെ ഇകഴ്ത്തികാണിക്കുന്നത് പാർട്ടി പ്രവർത്തകർക്ക് സഹിക്കാനാവില്ല. പാർട്ടിയുടെ അച്ചടക്കം ഉയർത്തിപ്പിടിക്കുന്നതിനാണ് നിലവിൽ കാർത്തിക്ക് പാർട്ടി നോട്ടീസ് നൽകുന്നത്. അച്ചടക്ക ലംഘനം പാർട്ടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നത്” മുതിർന്ന ടിഎൻസിസി നേതാവ് പറഞ്ഞു.
കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തന്തി ടിവിയുടെ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ആലോചനകൾ നടക്കുന്നുണ്ടെന്നാണ് കാർത്തി മറുപടി നൽകിയത്. ഒന്നാമതായി, തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രധാനം.പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പാർട്ടി തീരുമാനം ഉടനടി ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുപ്പിനായുള്ള നമ്മുടെ വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലല്ല, ഏറ്റവും കുറഞ്ഞത് ആറോ നാലോ മാസം മുമ്പെങ്കിലും പ്രഖ്യാപിക്കണം എന്നും കാർത്തി പരാമശിച്ചു. എങ്കിൽ മാത്രമേ ആളുകളുടെ മനസ്സിൽ കൃത്യമായി അത് ഇടം പിടിക്കുകയുള്ളൂ. ബിജെപിയുടെ ജയ് ശ്രീറാമിനും ബുൾഡോസർ രാഷ്ട്രീയത്തിനും എതിരായ ഒരു കൃത്യമായ നിലപാട് വ്യക്തമാക്കുന്നതാണ് ഇപ്പോൾ ആവശ്യം. പാർട്ടി ജനുവരിയോടെ രംഗത്തെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആളുകളുടെ ജീവിതം മെച്ചപ്പെട്ടോ ഇല്ലയോ? ശരാശരി ആളുകളുടെ ജീവിതം ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.കാർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞു: അവരുടെ കുപ്രചരണങ്ങളെ നേരിടാൻ, പണപ്പെരുപ്പവും സാമ്പത്തിക പരാധീനതകളും എടുത്തുകാണിക്കേണ്ടിയിരിക്കുന്നു എന്നും കാർത്തി പറഞ്ഞു.എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കടന്നുവരവ് കോൺഗ്രസ്സിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, 53 വർഷത്തിലേറെയായി രാഷ്ട്രീയത്തിൽ പരിചയമുള്ള രാഷ്ട്രീയക്കാരനാണ് ഖാർഗെയെന്നും കാർത്തി പറഞ്ഞു. പക്ഷെ രണ്ട് പാർട്ടികൾ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. മറ്റുള്ളവരും ആ അഭിപ്രായത്തിലേക്ക് തന്നെ വരണം. ആ പദവിക്ക് അദ്ദേഹം യോഗ്യനാണോ എന്ന് തന്നോട് ചോദിച്ചാൽ, തീർച്ചയായും യോഗ്യനാണെന്ന മറുപടിയാണ് കാർത്തി നൽകിയത്.
“ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ അത് വളരെ നേരത്തെ തന്നെ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു കാരണം മോദിക്കെതിരെ നിലവിലെ സാഹചര്യത്തിൽ വലിയ പദ്ധതികൾ ആവശ്യമായി വരും. ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുമായി പിടിച്ചുനിൽക്കാൻ ഒരു ജനപ്രിയ നടനെയോ ക്രിക്കറ്റ് കളിക്കാരനെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നാലും അത് അവസാന നിമിഷത്തിലാണെങ്കിൽ കഴിയുമോ എന്ന് എനിക്കറിയില്ല.“ഞങ്ങൾ ആളുകളോട് ചോദിക്കുന്ന ചോദ്യം കഴിഞ്ഞ ദശകത്തിൽ അവരുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോ എന്നതായിരിക്കണം,” കാർത്തി പറഞ്ഞു.
അഭിമുഖത്തിൽ ഖാർഗെ മോദിയുമായി പൊരുത്തപ്പെടുമോ ഇല്ലയോ എന്ന അവതാരകന്റെ ചോദ്യമാണ് കാർത്തിയെ കുരുക്കിലാക്കിയത്. ഈ കാലഘട്ടത്തിന്റെ പ്രചാരണ ശൈലിയിൽ ആരും മോദിക്ക് തുല്യരല്ലെന്ന് താൻ കരുതുന്നില്ല എന്നായിരുന്നു കാർത്തിയുടെ മറുപടി. എതിരാളി രാഹുലാണെങ്കിലോ? എന്നായിരുന്നു അടുത്ത ചോദ്യം.പ്രധാനമന്ത്രിയാകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും കണക്കിലെടുക്കുമ്പോൾ, രാഹുലിനും ഇത് വളരെ ബുദ്ധിമുട്ടായിരിക്കും.പക്ഷെ ബിജെപിയെ പരാജയപ്പെടുത്തുന്നത് ഇപ്പോഴും സാധ്യമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ”കാർത്തി പറഞ്ഞു. ജനങ്ങലിലേക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശങ്ങൾ എത്തിക്കുകയും തിരഞ്ഞെടുപ്പ് കണക്കുകൾ പഠിക്കുകയും അവ വിലയിരുത്തി പ്രവർത്തിക്കുകയും ചെയ്താൽ, മോദിയുടെ ജനപ്രീതി പോലും മറികടന്ന് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്സിന് കഴിയും. എന്നാൽ മോദിയെപ്പോലെ ശക്തനായ മറ്റൊരു നേതാവിന്റെ പേര് തന്നോട് ചോദിച്ചാൽ, ഇപ്പോൾ പെട്ടെന്ന് ഒരു പേര് പറയാൻ കഴിയില്ല എന്ന് കാർത്തി കൂട്ടിച്ചേർത്തു. ഏറ്റവും സാധാരണ കോൺഗ്രസ് പ്രവർത്തകരോടാണ് ചോദ്യമെങ്കിൽ, രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കണമെന്നായിരിക്കും അവരുടെ മറുപടി. പക്ഷെ വ്യക്തികൾ തമ്മിലുള്ള താരതമ്യത്തിൽ മോദിയെ പരാജയപ്പെടുത്താൻ കഴിയില്ല, എന്നാൽ രാഷ്ട്രീയമായ പോരാട്ടത്തിലൂടെ വിജയം കൈവരിക്കാൻ തീർച്ചയായും കഴിയുമെന്നും കാർത്തി ചിദംബരം വ്യക്തമാക്കി.
ഒരു കോൺഗ്രസ് എംപിയാണ് പാർലമെന്റ് സുരക്ഷാ ലംഘന കേസിലെ പ്രതികൾക്ക് പാസ് നൽകിയിരുന്നതെങ്കിൽ ബിജെപി അതിനെ വളരെ കൃത്യമായി രാഷ്ട്രീയപരമായി മുതലെടുക്കുമായിരുന്നുവെന്നും കാർത്തി ചൂണ്ടികാണിച്ചു. കോൺഗ്രസിന് എന്തുകൊണ്ട് ആ തരത്തിലുള്ള പ്രചാരണങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന് അവതാരകൻ ചോദ്യമുയർത്തിയപ്പോൾ തങ്ങളുടെ പാർട്ടിയുടെയും നേതൃത്വത്തിന്റേയും പോരായ്മമകളെ എപ്പോഴും ഒരു മടിയുമില്ലാതെ തുറന്ന് സമ്മതിക്കുന്ന വ്യക്തിയാണ് താനെന്നും ബിജെപിയുടെ ഗ്രൗണ്ട് ഗെയിം കോൺഗ്രസിനേക്കാൾ വളരെ മികച്ചതാണെന്ന് താൻ സമ്മതിക്കെന്നുവെന്നും കാർത്തി പറഞ്ഞു.