
ചെറുപയറിൽ ധാരാളം പ്രോട്ടീനും മറ്റ് ആവശ്യ ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും പലർക്കും ഇത് ഇഷ്ടമല്ല… അപ്പോൾ എന്തു ചെയ്യും; ഇഷ്ടമുള്ള രീതിയിൽ ആക്കി കഴിക്കൂ.. ചെറുപയർ ഇഷ്ടമല്ലെങ്കിലും സുഖിയൻ കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.. അപ്പോൾ സുഖിയൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..
സുഖിയൻ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 2 കപ്പ് ചെറുപയർ, ഒന്നര കപ്പ് ശർക്കരയും, കുറച്ച് തേങ്ങയും, അല്പം ഏലയ്ക്കാപൊടി, മൈദ, കുറച്ചു

വെള്ളം മഞ്ഞൾപൊടി, സുഖിയൻ വറുക്കാനുള്ള വെളിച്ചെണ്ണ, അല്പം ഉപ്പ്, കുറച്ചു നെയ്യ് എന്നിവ എടുക്കാം…
അപ്പോൾ ഇനി എല്ലാം എടുത്ത സ്ഥിതിക്ക് ചെറുപയർ വേവിച്ചെടുക്കാം. ചെറുപയർ കഴുകി അൽപസമയം കുതിർത്തി എടുക്കുന്നത് പെട്ടെന്ന് വെന്തു കിട്ടാൻ സഹായിക്കും..ഇനി അല്പം ഉപ്പും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ട് ചെറുപയർ കുക്കറിൽ വേവിച്ചെടുക്കാം.. പയറു വെന്തു വരുന്ന സമയം കൊണ്ട് ഒന്നരക്കപ്പ് ശർക്കര യിലേക്ക് അല്പം

വെള്ളവും ചേർത്ത് അടുപ്പത്ത് വെച്ച് ചൂടാക്കി പാനിയാക്കി എടുക്കാം… ഇനി പയർ വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അല്പം നെയ്യ് ഒഴിക്കാം.. ഇതിലേക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർത്ത് പച്ച മണം മാറി കഴിയുമ്പോൾ വേവിച്ചുവെച്ച ചെറുപയർ ചേർക്കണം.. ഇനി ഏലയ്ക്കാ പൊടിച്ചതും ചേർക്കാം..ഇതിനെ നന്നായി ഇളക്കിയ ശേഷം ഇപ്പോൾ ഉണ്ടാക്കിയ ശർക്കര പാനിയും ചേർത്ത് വറ്റിച്ച് എടുക്കാം.. ജലാംശം മുഴുവൻ വറ്റി പോകണം, ജലാംശം വറ്റി ചെറുപയർ കൂട്ട് പാനിൽ നിന്ന് വിട്ട് വരുന്ന പാകത്തിൽ വാങ്ങി വെക്കാം.. ഇനി ഇത് തണുത്ത് വരട്ടെ, അതിനു ശേഷം ചെറു പയർ ചെറിയ ഉരുളകളാക്കി വെക്കാം..ഇനി മുക്കി പോരിക്കാനുള്ള മാവ് ഉണ്ടാക്കാനായി

ഒരു കപ്പ് മൈദയിലേക്ക് കാൽ കപ്പ് വെള്ളവും കുറച്ച് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർക്കാം.. നന്നായിളക്കി ഇളക്കി ബാറ്റർ ഉണ്ടാക്കാം..ഉപ്പ് ആവശ്യമെങ്കിൽ അൽപം കൂടി ചേർക്കണം.. എണ്ണ തിളച്ചുവരുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന ചെറുപയർ ബോളുകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം… അങ്ങനെ അടിപൊളി സുഖിയൻ തയ്യാറാണ് എല്ലാവരും തയ്യാറാക്കി നോക്കണേ…