മഞ്ജുവിന് ഒപ്പം ജീവിച്ചതിനേക്കാള്‍ ദിലീപ് ജീവിച്ചിട്ടുണ്ടാകുക നടി കാവ്യയ്ക്ക് ഒപ്പം ആയിരിക്കുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ വിവാദ പരാമര്‍ശം. കാവ്യ വക്രബുദ്ധിയുള്ള സ്മാര്‍ട്ടായ സ്ത്രീ ആണെന്നും കാവ്യയ്ക്ക് അറിയാത്തത് ആയി ഒന്നും ഇല്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനപ്പെട്ടവ: ‘എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്.


ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ.” നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിതിരിവാകും. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് അവര്‍. കോടതി അവരുടെ കൈയിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് പ്രതികളെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
”കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി.

ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ അങ്ങേയറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ലക്ഷ്യത്തില്‍ എത്തണം. ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല.” ഭാഗ്യലക്ഷ്മി പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ നിന്നും മടങ്ങി. നാലര മണിക്കൂറിന് മുകളില്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനൊപ്പം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം അന്വേഷിക്കുന്ന സംഘവും പത്മസരോവരത്തില്‍ എത്തിയിരുന്നു. ഇവരും കാവ്യയെ ചോദ്യം ചെയ്തതായാണ് സൂചന.