കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. നടി മാത്രമല്ല മോഡലും സംവിധായകിയും ഡാന്‍സറുമൊക്കെയാണ് താരം. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഗ്രേസ് നായികയായി എത്തുന്ന പുതിയ ചിത്രം കനകം കാമിനി കലഹമാണ്. നിവിന്‍ പോളിയാണ് നായകന്‍. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചെറുപ്പം മുതല്‍ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാല്‍ സിനിമ എന്നും മനസിലുണ്ടായിരുന്നുവെന്നാണ് ഗ്രേസ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യത്തെ ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങിലേക്ക് എത്തിയത്. കുമ്പളങിയിലെ സിമിയാകാന്‍ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വര്‍ക്ക് ഷോപ്പുകളും ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയില്‍ എത്തിയശേഷമാണെന്നും ഗ്രേസ് പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. പ്രണയത്തെ കുറിച്ചും ഗ്രേസ് മനസ് തുറന്നു. പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നുമാണ് ഗ്രേസ് പറയുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് ഫാഷനിലും അഭിനയിത്തിലും എന്നപോലെ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രം ഗ്രേസ് സംവിധാനം ചെയ്തിരുന്നു.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.0 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. നവംബര്‍ 12ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങള്‍. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.